കോട്ടയം : ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യാ കേരളാ റീജിയൻ 102-മത് ജനറൽ കൺവെൻഷൻ ജനുവരി 20 തിങ്കൾ മുതൽ 26 ഞായർ വരെ കോട്ടയം, നാട്ടകം പ്രത്യാശാ നഗറിൽ (ദൈവ സഭാ ഗ്രൗണ്ടിൽ) വെച്ച് നടക്കും. ദൈവ സഭാ അഡ്മിനിസ്‌ട്രേറ്റീവ് ബിഷപ്പ് റവ. ജോമോൻ ജോസഫ് ജനുവരി 20 തിങ്കളാഴ്ച വൈകുന്നേരം 06.30 ന് കൺവെൻഷൻ ഉത്ഘാടനം ചെയ്യും. എഡ്യൂക്കേഷൻ ഡയറക്ടർ റവ. ജോസഫ് ടി സാം അദ്ധ്യക്ഷത വഹിക്കും. മഹായോഗത്തിൽ വേൾഡ് മിഷൻ സൗത്ത് ഏഷ്യൻ സൂപ്രണ്ട് റവ. സി സി തോമസ് മുഖ്യ അതിഥി ആയിരിക്കും. പാസ്റ്റർമാരായ ബെൻസൻ മത്തായി, ഷാജി കെ ഡാനിയേൽ, ഷിബു തോമസ്, ഏബ്രഹാം ടൈറ്റസ്, ടോമി ജോസഫ്, സണ്ണി താഴംപള്ളം, എബ്രഹാം തോമസ്, രാജൻ ഏബ്രഹാം, എബി എബ്രഹാം, ജയ്‌സ് പണ്ടനാട്, അനീഷ് കാവാലം, കെ ജെ തോമസ്, വർഗീസ് എബ്രഹാം എന്നിവരും ദൈവ സഭയിൽ നിന്നുള്ള അനുഗ്രഹീതരായ ദൈവ ദാസന്മാരും വിവിധ യോഗങ്ങളിൽ ദൈവ വചന പ്രഭാഷണം നടത്തും. 'യേശുവിനെ ശ്രദ്ധിച്ചു നോക്കുവിൻ' എബ്രായർ 3:1 എന്നതാണ് കൺവെൻഷൻ ചിന്താവിഷയം. കൺവെൻഷനോട് അനുബന്ധിച്ച് വിശുദ്ധ ആരാധന, സംഗീത ശുശ്രൂഷ, പൊതുയോഗം, ദൈവ വചന പ്രഭാഷണങ്ങൾ, ബൈബിൾ കോളേജ് ഗ്രാജുവേഷൻ, യൂത്ത് ആൻഡ് സണ്ടേസ്കൂൾ പ്രോഗ്രാം, വനിതാ സമ്മേളനം, സ്നാന ശുശ്രൂഷ, സാംസ്കാരിക സമ്മേളനം, മിഷണറി കോൺഫറൻസ് എന്നിവ നടക്കും. ചർച്ച് ഓഫ് ഗോഡ് ക്വയർ ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. 26 - ഞായറാഴ്‌ച നടക്കുന്ന വിശുദ്ധ സഭായോഗത്തിൽ ജന സാഗരങ്ങൾ പങ്കെടുക്കുന്ന തിരുവത്താഴ ശുശ്രൂഷയോടെ കൺവെൻഷൻ സമാപിക്കും.
കൺവെൻഷനിൽ വിവിധ ക്ഷേമ പദ്ധതികളുടെ പ്രഖ്യാപനങ്ങൾ നടത്തും. അത്യാധുനിക നിലവാരത്തിലുള്ള ഓഫീസ് സമുച്ചയത്തിന്റെ നിർമ്മാണ പദ്ധതിക്ക് തുടക്കം കുറിക്കും. ദൈവദാസന്മാരുടെ ക്ഷേമത്തെ മുൻ നിർത്തി റിട്ടയേർഡ് ആയ ദൈവ ദാസന്മാർക്ക് മാസം തോറും ക്ഷേമ പെൻഷൻ പദ്ധതി ഉത്ഘാടനം ചെയ്യും. കർത്താവിൽ നിദ്ര പ്രാപിച്ച ദൈവ ദാസന്മാരുടെ സഹധർമ്മിണികൾക്ക് ക്ഷേമ പെൻഷനും, അർഹരായ ദൈവ ദാസന്മാർക്കുള്ള ചികിത്സാ സഹായ വിതരണവും നടത്തും. സെമിത്തേരിയും സഭാ ഹാളും ഇല്ലാത്ത സഭകൾക്ക് നിർമ്മാണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സാമ്പത്തികം ഉറപ്പു വരുത്തും. വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സഭയ്ക്ക് വാടക മുടക്കം കൂടാതെ നൽകും. ദൈവ സഭയുടെ ആത്മീയവും സാമൂഹികവുമായ ഉന്നമനത്തെ ലക്ഷ്യമിട്ടുകൊണ്ട് നിരവധി പദ്ധതികൾക്ക് രൂപം കൊടുത്തുകൊണ്ടിരിക്കുന്നു.
തിരുവല്ലയിൽ നടന്ന മീഡിയ സമ്മേളനത്തിൽ ദൈവ സഭ ഓവർസീയർ റവ. ജോമോൻ ജോസഫ് കാര്യപരിപാടികൾ വിശദീകരിച്ചു. ദൈവ സഭയുടെ മീഡിയാ പ്രവർത്തകർ ആയ പാസ്റ്റർ വി പി ഫിലിപ്, പാസ്റ്റർ ജോമോൻ മാത്യു, പാസ്റ്റർ ജെബു ജോൺസൺ, ബ്രദർ പി ജി പ്രസാദ്, ബ്രദർ ജിൻസൻ ജി ജോസ് എന്നിവർ പങ്കെടുത്തു.
Comments